തൃശൂര്‍: റബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടുപോയ അഖിലിന്റെ സംഘാംഗമാണ് വിനയന്‍. അഖില്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.
ആനക്കൊമ്പ് വ്യാപാരവുമായി ബന്ധപ്പെട്ട വന്‍ റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. ഒമ്പത് പേരാണ് കേസിലുള്ളത്. ഇതില്‍ കുമളി സ്വദേശികളായ ആറംഗ സംഘമാണു കൊമ്പു വെട്ടിയെടുത്തതും കടത്തിയതും. ആനയുടെ ജഡം കിണറ്റില്‍ തള്ളിയശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ചു മൂടാന്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഇതേ സംഘം തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
മുറിച്ചെടുത്ത ആനക്കൊമ്പുമായി എറണാകുളം പട്ടിമറ്റത്ത് പിടിയിലായ അഖില്‍ മോഹനില്‍ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. ആനയുടെ ജഡം മറവുചെയ്യാന്‍ സഹായിക്കാനെത്തിയതാണ് കുമളി സംഘമെന്നും സ്ഥലമുടമ റോയിയുടെ കണ്ണുവെട്ടിച്ച് ഇക്കൂട്ടത്തിലൊരാള്‍ കൊമ്പു വെട്ടിയെടുത്തതാണെന്നുമാണ് അഖില്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയത്. അന്വേഷണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബര്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ആനയുടെ ജഡം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിലുള്ള ആനയുടെ ജഡം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. ജൂണ്‍ 15ന് ആനയെ കൊന്ന് കുഴിച്ചുമൂടുന്നതിനിടെ ഒന്നാംപ്രതി റോയ് അറിയാതെ വിനയനുള്‍പ്പെട്ട സംഘം ആനക്കൊമ്പ് മുറിച്ചെടുത്ത് റബര്‍ തോട്ടത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു. പിറ്റേദിവസം അഖിലിനൊപ്പമെത്തി വിനയന്‍ കൊമ്പ് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.