പെന്‍ഷന്‍ കുടിശിക നല്‍കാന്‍ പോലും പണമില്ല; ദൈനംദിന ചിലവുകള്‍ക്കും മുട്ട്: ഒരാഴ്ചയായി കേരളം ഓവര്‍ ഡ്രാഫ്റ്റില്‍

പെന്‍ഷന്‍ കുടിശിക നല്‍കാന്‍ പോലും പണമില്ല; ദൈനംദിന ചിലവുകള്‍ക്കും മുട്ട്: ഒരാഴ്ചയായി കേരളം ഓവര്‍ ഡ്രാഫ്റ്റില്‍

തിരുവനന്തപുരം: വാഗ്ദാനം ചെയ്ത ക്ഷേമ പെന്‍ഷന്‍ കുടിശിക പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധി അതിഗുരുതരമായതോടെ സര്‍ക്കാര്‍ ഒരാഴ്ചയായി ഓവര്‍ഡ്രാഫ്റ്റില്‍. ഖജനാവില്‍ മിച്ചമില്ലാത്തതിനാല്‍ ദൈനംദിന ചിലവുകള്‍ക്ക് വായ്പ എടുത്താണ് മുന്നോട്ട് പോയിരുന്നത്. ഇതിന്റെ പരിധി കഴിഞ്ഞതോടെയാണ് സംസ്ഥാനം ഒരാഴ്ചയായി ഓവര്‍ഡ്രാഫ്റ്റിലായത്. ഈവര്‍ഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം.

കടമെടുത്ത് ഓവര്‍ഡ്രാഫ്റ്റ് പരിഹരിക്കാനാണ് തീരുമാനം. 18 ന് 2,000 കോടി കടമെടുക്കും. ഇതോടെ ഓവര്‍ഡ്രാഫ്റ്റ് ഒഴിയുമെങ്കിലും വന്‍തോതില്‍ പണം ചെലവിടേണ്ട ഓണക്കാലം വരുന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത ആശങ്കയിലാണ്. ഓണക്കാലത്തെ ചെലവുകള്‍ക്ക് 8000 കോടിയെങ്കിലും വേണ്ടിവരും. 2013 ല്‍ എടുത്ത 15,000 കോടിയുടെ കടം തിരിച്ചടയ്‌ക്കേണ്ടതും ഈ ഓണക്കാലത്താണ്.

കടമെടുക്കുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ ചിലവ് ചുരുക്കല്‍ മാത്രമാണ് മാര്‍ഗം. അതിന് സര്‍ക്കാരിന് കഴിയുന്നില്ല. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെ പുതിയ ചിലവുകള്‍ക്ക് വകുപ്പുകള്‍ നിര്‍ദേശം വക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ താത്കാലിക കണക്കുകള്‍ അനുസരിച്ച് ഏപ്രില്‍, മേയ് മാസങ്ങളിലായി 9334.39 കോടിയാണ് വരവും ചിലവും തമ്മിലുള്ള വിടവ്. അഞ്ച് വര്‍ഷങ്ങളില്‍ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇത്തവണ കടന്ന് പോകുന്നതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

വിവിധ പദ്ധതികളിലെ സഹായധനമായി 1316 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ട്. ഈ പണം അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിവേദനം നല്‍കിയിരിക്കുകയാണ്. കൂടാതെ ഒരു ശതമാനം അധികവായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത് ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന 26,000 കോടി രൂപ ഇത്തവണ കുറഞ്ഞെന്നാണ് കേരളത്തിന്റെ പരാതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.