കൊച്ചി: മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവര്‍ത്തിച്ച് സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുനരന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് തെളിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള സിബിഐ സംഘമാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
2011 ജനുവരി 24നാണ് ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു.
സിബിഐയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നാരോപിച്ച് ശശീന്ദ്രന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, തുടരന്വേഷണ മുന്‍കുറ്റപത്രത്തില്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരിക്കുന്നത്.
മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി. എം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ മരിച്ച ശശീന്ദ്രന്‍ വിജിലന്‍സില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.