കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം അപ്പീല്‍ നല്‍കിയത്.
2019 ഓഗസ്റ്റ് മൂന്നിന് രാത്രി ഒന്നിനാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ചത്. അപകടത്തില്‍ റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ശ്രീറാം വെങ്കട്ടരാമന്‍ സര്‍വേ ഡയറക്ടറായിരുന്നു.
ഈ കേസില്‍ തനിക്കെതിരെ നരഹത്യക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നും നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതുകൊണ്ട് തന്നെ സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിന്റെ വാദം.