അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തേയും വ്യവസായ നൂതന സാങ്കേതിക വകുപ്പ് മന്ത്രി ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ സ്വീകരിച്ചു.
ഊർജ്ജം ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. യുഎഇ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. ഞായറാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് കിഷിദയുടെ സന്ദർശനം ആരംഭിച്ചതെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിലേക്കാണ് അദ്ദേഹത്തിന്‍റെ അടുത്ത സന്ദർശനം. 2020 ജനുവരിയില്‍ ഷിൻസോ ആബെയുടെ പര്യടനത്തിന് ശേഷം ആദ്യമായാണ് ഒരു ജാപ്പനീസ് നേതാവ് മേഖലയില്‍ സന്ദർശനം നടത്തുന്നത്.