കോട്ടയം: നേതാവും ജനനായകനും തമ്മിലുള്ള വ്യത്യാസം മലയാളികള്‍ക്ക് വ്യക്തമാക്കി നല്‍കിയ പ്രിയ കുഞ്ഞൂഞ്ഞ് ഓര്‍മ്മയാകുമ്പോള്‍ അദേഹത്തില്‍ നിന്നും പുതുതലമുറ സ്വായത്തമാക്കേണ്ട കാര്യങ്ങള്‍ അനേകമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയെന്നത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് ജീവിതചര്യയാണ്.
ജനങ്ങളോട് ഒപ്പമുള്ള സമയത്താണ് താന്‍ ഏറ്റവും സന്തോഷവാനായിരിക്കുന്നതെന്നാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അദേഹം മറുപടി നല്‍കിയത്.
പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ ലോകമറിയുന്ന ഉമ്മന്‍ ചാണ്ടിയുടെ പേരിനൊപ്പം ചേര്‍ത്തു വയ്ക്കുവാന്‍ സാധിച്ചു. പുതുപ്പള്ളിക്കാരുടെ പ്രിയ കുഞ്ഞൂഞ്ഞ് മലയാളികളുടെ പ്രിയ നേതാവാണ്. ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക മാത്രമായിരുന്നില്ല അദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്തത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുമായി അടുത്തിഴപഴകാനും അവരുടെ പ്രശ്‌നങ്ങളിലും പരിഭവങ്ങളിലും നല്ല ഉത്തരമാകാനും മികച്ച തീരുമാനങ്ങള്‍ കൈക്കൊണ്ട പ്രിയ നേതാവ്.
മുഖ്യമന്ത്രി എന്ന പദവി ജനകീയമാക്കിയ കര്‍മ്മപരിപാടിയാണ് പൊതുജന സമ്പര്‍ക്ക പരാതി പരിഹാര സെല്ലായ സുതാര്യ കേരളം. ഓരോ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി പരാതിക്കാരെ കണ്ട് പരാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും അവ നടപ്പിലാക്കാന്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
2012ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സുതാര്യ കേരളം പദ്ധതി ജില്ലാ കളക്ടറേറ്റിലെ പ്രത്യേക സെല്ലുകളിലൂടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സെല്ലുകളില്‍ ലഭിക്കുന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തുടര്‍ന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്കും കൈമാറും. തുടര്‍ന്ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയക്കുകയാണ് സുതാര്യ കേരളം പദ്ധതിയുടെ പ്രവര്‍ത്തന രീതി.
മുഖ്യമന്ത്രിയുടെ അധികാരം നിലനില്‍ക്കേ തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിതം നയിച്ച അദേഹത്തെ സത്യത്തില്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലുള്ളവരും ഇനി വരാന്‍ പോകുന്നവരും മാതൃകയാക്കണം. പുതുപ്പള്ളിയില്‍ വരുമ്പോള്‍ ഇടവകയില്‍ പോകാത്ത ഒരു ഞായറുണ്ടാവില്ല. വിശ്വാസത്തിലും പ്രവൃത്തിയിലും കര്‍മ്മം മാത്രം മുന്നില്‍ക്കണ്ട് ലളിത ജീവിത രീതിയിലൂടെ എക്കാലവും അദേഹം മനസുകളില്‍ ചിരപ്രതിഷ്ഠ നേടി ഇനിയും ജീവിക്കും.