'കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവ്': മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കെസിബിസി

 'കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവ്': മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കെസിബിസി

കൊച്ചി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി കെസിബിസി. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍, അമ്പത്തിമൂന്നു വര്‍ഷകാലം ജനപ്രതിനിധി, രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്നിങ്ങനെ കേരള ജനതയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വലുതാണെന്നും കെസിബിസി അനുസ്മരിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കുന്നതിന് ഉപകരിച്ചു. കേരളത്തിന്റെ വികസനം മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും കെസിബിസി വ്യക്തമാക്കി.

എല്ലാവരോടും ബഹുമാനത്തോടെ പ്രതികരിക്കാനും സഹകരിക്കാനും സാധിച്ച മികച്ച വ്യക്തിത്വത്തിനുടമയായ മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മ എന്നും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ദേഹ വിയോഗത്തില്‍ കേരളജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഖിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.