'ദേശാഭിമാനി കാലത്തെ തെറ്റില്‍ ലജ്ജിക്കുന്നു; രണ്ട് വലിയ മനസ്താപങ്ങളില്‍ ഓസിയുണ്ട്': ഏറ്റുപറഞ്ഞ് മാധവന്‍കുട്ടി

'ദേശാഭിമാനി കാലത്തെ തെറ്റില്‍ ലജ്ജിക്കുന്നു; രണ്ട് വലിയ മനസ്താപങ്ങളില്‍ ഓസിയുണ്ട്': ഏറ്റുപറഞ്ഞ് മാധവന്‍കുട്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്ന എന്‍. മാധവന്‍കുട്ടി താന്‍ ദേശാഭിമാനിയിലുണ്ടായിരുന്ന കാലത്തെ തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തി.

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് തന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓസിയെന്ന ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് വ്യക്തമാക്കിയാണ് മാധവന്‍കുട്ടി രംഗത്തെത്തിയത്. ആ രണ്ട് കാരണങ്ങളും വിശദമായി കുറിച്ച അദ്ദേഹം ക്ഷമയും ചോദിച്ചു.

മാധവന്‍കുട്ടിയുടെ കുറിപ്പ്:

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ  മനസ്താപങ്ങളില്‍ ഓസി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 ശൈലിമാറ്റം, ഐഎസ്ആ ഒ ചാരക്കേസ് കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ  എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.

2 ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ട് മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.

ഇതു പറയാന്‍ ഓസി യുടെ മരണം വരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക്. മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.