ജനസാഗരത്തിലൂടെ ജനനായകന്‍....ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു; ആദരാഞ്ജലികളര്‍പ്പിച്ച് ജനക്കൂട്ടം

ജനസാഗരത്തിലൂടെ ജനനായകന്‍....ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു; ആദരാഞ്ജലികളര്‍പ്പിച്ച് ജനക്കൂട്ടം

തിരുവനന്തപുരം: ജനഹൃദയങ്ങളില്‍ ജീവിച്ച ജനനായകന്റെ അന്ത്യയാത്രയും ജനസാഗരത്തിനിടയിലൂടെ. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. പുഷ്പാലംകൃതമായ കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. കുടുംബാംഗങ്ങളും കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കന്മാരും മൃതദേഹത്തിനരുകില്‍ ബസില്‍ അനുഗമിക്കുന്നുണ്ട്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. 'ഇല്ലാ ഇല്ലാ മരിക്കില്ലാ' എന്ന മുദ്രാവാക്യ വിളികളോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ യാത്രയാക്കി. ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സെന്റ് ജോര്‍ജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആള്‍ക്കൂട്ടം ആര്‍ത്തലച്ചെത്തി.

വിലാപയാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

വിലാപയാത്ര കടന്ന് പോകുന്ന തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോറികള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലര്‍ച്ചെ നാലര മണി മുതലാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധിയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്ന് ഏറെ വൈകിയാണ് മൃതദേഹം ജഗതിയിലുള്ള പുതുപ്പള്ളി വീട്ടില്‍ രാത്രി എത്തിച്ചത്.

ബംഗളൂരുലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 നായിരുന്നു ഉമ്മന്‍ചാണ്ടി (79) യുടെ മരണം. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് തിരശീല വീണത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.