കാഞ്ഞിരപ്പള്ളി: സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട് അവശത അനുഭവിക്കുന്നവരോട് പ്രത്യേക കരുതലുള്ള മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുഖ്യമന്ത്രിയായും മന്ത്രിയായും നിയമസഭാ സാമാജികനായും ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്ത അദ്ദേഹം സകലര്‍ക്കും സംലഭ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നുവെന്നും അദേഹം പറഞ്ഞു.
ജനാധിപത്യമൂല്യങ്ങളെ മാനിക്കുകയും വിമര്‍ശനങ്ങളെ അക്ഷോഭ്യനായി നേരിടുകയും ചെയ്തു. പൊതുപ്രവര്‍ത്തന രംഗത്തെ തിരക്കുകള്‍ക്കിടയിലും വിശ്വാസ ജീവിതത്തെ മുറുകെപ്പിടിച്ച് കരുത്താര്‍ജിച്ച വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. കാഞ്ഞിരപ്പള്ളി രൂപതയുള്‍പ്പെടുന്ന പ്രദേശങ്ങളുടെ ജനപ്രതിനിധിയെന്ന നിലയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിലൂടെ പൊതുസമൂഹത്തിനു ലഭിച്ച നന്മകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.