നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍? എം 3 വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍?  എം 3 വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചേക്കും

തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 25 നും മെയ് 15 നും ഇടയിലായിരിക്കും തെരഞ്ഞെടുപ്പ്. എന്നാല്‍ തീയതി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അടുത്തയാഴ്ച സംസ്ഥാനത്തെത്തും.

വോട്ടെടുപ്പിനായി പുത്തന്‍തലമുറ എം 3 വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചേക്കും. നിലവിലേതിനെക്കാള്‍ വീതി കുറഞ്ഞതും നീളം കൂടിയതുമാണിത്. പ്രവര്‍ത്തനരീതിയില്‍ മാറ്റമില്ല. നിലവിലെ വോട്ടിങ് യന്ത്രത്തില്‍ പരമാവധി നാല് ബാലറ്റിംഗ് യൂണിറ്റുകളാണ് ഘടിപ്പിക്കാനാകുക. എം3 യില്‍ 24 ബാലറ്റിംഗ് യൂണിറ്റുകള്‍ ബന്ധിപ്പിക്കാം.

വോട്ടെടുപ്പിനിടെ തകരാര്‍ സംഭവിക്കാനുള്ള സാധ്യത തീരെക്കുറവുള്ള ഇവ തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്നു. ഇത്തരം ഒരു ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തി. ഇവയുടെ പരിശോധന 26 മുതല്‍ തുടങ്ങും. ഭെല്ലിലെ എന്‍ജിനിയര്‍മാരും സാങ്കേതികവിദഗ്ധരുമാണ് നേതൃത്വം നല്‍കുന്നത്.

ഒരു ശതമാനത്തില്‍ താഴെയാണ് ഇവയുടെ തകരാര്‍ സാധ്യത. അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തനരഹിതമാകും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ യന്ത്രത്തെ ഓണ്‍ലൈനിലൂടെ പരിശോധിക്കാനാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.