വികാരഭരിതമായ യാത്രയയപ്പ്; ആറരമണിക്കൂര്‍ പിന്നിടുമ്പോഴും തിരുവനന്തപുരം ജില്ല കടക്കാനാവാതെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം

വികാരഭരിതമായ യാത്രയയപ്പ്; ആറരമണിക്കൂര്‍ പിന്നിടുമ്പോഴും തിരുവനന്തപുരം ജില്ല കടക്കാനാവാതെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ഇന്ന് രാവിലെ ഏഴിന് പുറപ്പെട്ട ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആറരമണിക്കൂര്‍ പിന്നിടുമ്പോഴും തിരുവനന്തപുരം ജില്ല കടക്കാനായില്ല. ഒരു ജനനായകന് ലഭിക്കാവുന്ന ഏറ്റവും വലിയ യാത്രയയപ്പ് തന്നെയാണ് സംസ്ഥാനം ഒട്ടാകെ അദേഹത്തിന് നല്‍കിയത്.

വിലാപയാത്ര ഉച്ചയോടെ കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കു മെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഉച്ചയായപ്പോഴും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കിളിമാനൂര്‍ പിന്നിടുന്നതേയുള്ളൂ.കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് നല്‍കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ വഴിയരികില്‍ നിന്നുകൊണ്ട് അദേഹത്തെ യാത്രയാക്കുമ്പോള്‍ കേരളം വിങ്ങിപ്പൊട്ടുകയാണ്.

യഥാര്‍ത്ഥ ജനനായകന്‍ ആരാണെന്നും ഒരു നല്ല നേതാവിനെ എപ്രകാരമാണ് ഒരു യാത്രയെപ്പ് നല്‍കേണ്ടതെന്നും കേരളത്തിന് ഉത്തമ ബോധ്യം ഉണ്ടെന്നുള്ളത് തന്നെയാണ് ഈ വിലാപയാത്ര കേരള സമൂഹത്തിന് കാട്ടിത്തരുന്നത്.

പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ചെറു പുഞ്ചിരിയോടെ മാത്രമുള്ള സമീപനം സ്വീകരിച്ച മികച്ച രാഷ്ട്രീയക്കാരനാണ്. ഒരു രാഷ്ട്രീയക്കാരനും ഒരു പൊതുജന സേവകനും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് അദേഹത്തിന്റെ അവസാന യാത്ര നമുക്ക് കാട്ടിത്തരുന്നത്.

ഇല്ല ഇല്ല മരിച്ചിട്ടില്ല ഉമ്മന്‍ചാണ്ടി ജീവിക്കും ഞങ്ങളിലൂടെ എന്ന്  ഉറക്കെയുള്ള മുദ്രാവാക്യം വിളികളിലൂടെയാണ് ഈ യാത്ര മുന്നോട്ടു നീങ്ങുന്നത്.എപ്പോഴും ജനങ്ങളാല്‍ ചുറ്റപ്പെട്ടു കഴിയുവാന്‍ ഇഷ്ടപ്പെട്ടിരുന്നു അദേഹത്തിന്റെ ഈ ഒടുവിലത്തെ യാത്രയും ജനസാഗരം കൊണ്ട് മൂടുകയാണ്. കാലം തെളിയിച്ച നേതാവായി ഉമ്മന്‍ചാണ്ടി വാഴ്ത്തപ്പെടുമ്പോള്‍ അദേഹം നമ്മോടൊപ്പം ഇല്ലയെന്ന തിരിച്ചറിവ് കേരളവും ഉള്‍ക്കൊണ്ടു കഴിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.