ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെത്തി മടങ്ങുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം പുതുവലില്‍കണ്ടത്തില്‍ കെ.വൈ. വര്‍ഗീസ് (47) ആണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ റാന്നിയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
വര്‍ഗീസ് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ് ബിനോയ് നടൂപ്പറമ്പില്‍ എന്നിവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.
ബിനോയ് ആയിരുന്നു കാര്‍ ഓടിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന വര്‍ഗീസിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. അപകട സമയം വര്‍ഗീസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഭാര്യ കല്‍പന. മക്കള്‍: ബിനിഷ്, അനിഷ്.