ഉമ്മന്‍ ചാണ്ടിയ്ക്ക് യാത്രാ മൊഴിയേകാന്‍ രാഹുല്‍ ഗാന്ധി എത്തി
കോട്ടയം: വിലാപ യാത്ര കോട്ടയത്ത് എത്തി. ഇന്നലെ രാവിലെ 7.15 നാണ് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിലാപയാത്ര 26 മണിക്കൂര്‍ പിന്നിട്ടാണ് കോട്ടയത്ത് എത്തിയത്. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് തങ്ങളുടെ ജനനായകനെ കാണാന്‍ തടിച്ചുകൂടിയത്.
തിരുനക്കരയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ വീട്ടിലേയ്ക്കും ഉച്ചകഴിഞ്ഞ് 3.30 ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്കും കൊണ്ടുപോകും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിട്ടുണ്ട്.
രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തില്‍ ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. അതേസമയം രാത്രി എത്ര വൈകിയാലും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളി അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയ്ക്ക് യാത്രാമൊഴിയേകാന്‍ രാഹുല്‍ ഗാന്ധി എത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയില്‍ എത്തും. ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നല്‍കാന്‍ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിയിരിക്കുകയാണ്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം തിരുനക്കരയില്‍ എത്തി. തിരുനക്കര മൈതാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രി മുതല്‍ ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് തിരുനക്കരയില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് നിന്നാംരഭിച്ച വിലാപ യാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ റോഡിലേക്ക് ഒഴുകിയെത്തിയതോടെ സമയക്രമം തെറ്റുകയായിരുന്നു.