ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം; നടന്‍ വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം; നടന്‍ വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ വിനായകന് എതിരെ ശക്തമായ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം.

ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആക്ഷേപങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ നടന്‍ പോസ്റ്റ് പിന്‍വലിച്ചു.

'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല'- എന്നിങ്ങനെയുള്ള അസഭ്യങ്ങളാണ് വിനായകന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.