അബുദബി : ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടത്തില്‍ ഗ്യാസ് കണ്ടയ്നർ പൊട്ടിത്തെറിച്ചുണ്ടായ തീപിടത്തം അബുദബി സിവില്‍ ഡിഫന്‍സ് നിയന്ത്രണ വിധേയമാക്കി.
കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ സാധിച്ചതായും തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ അറിയിച്ചു. ആളപായമോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലം തണുപ്പിക്കുന്നത് അടക്കമുളള നടപടികള്‍ പുരോഗമിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ 12.09 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കണമെന്നും ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.