കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര പൊതുദര്‍ശനത്തിന് ശേഷം തിരുനക്കരയില്‍ നിന്ന് പുതുപ്പള്ളിയിലേയ്ക്ക് പുറപ്പെട്ടു. സംസ്കാരം രാത്രി ഏഴരയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും.
രാഹുൽ ഗാന്ധി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ,കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ എത്തുന്നതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കുടുംബവീട്ടിലെ പൊതുദർശനവും സ്വന്തം വീടെന്ന സ്വപ്നവുമായി നിർമ്മാണമാരംഭിച്ച വീടിന്റെ മുറ്റത്തെ ശുശ്രൂഷയും കഴിഞ്ഞാണ് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിക്കുന്നത്.
തിരുനക്കര മൈതാനത്ത് രണ്ട് മണിക്കൂറിലേറെ സമയം പൊതുദര്‍ശനം ഉണ്ടായിരുന്നു. പൊരിവെയിലിലും മുദ്രാവാക്യം വിളികളുമായി ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേയ്ക്ക് ഒഴുകിയെത്തിയത്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച് 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി കോട്ടയം മാറി.