ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഉടന്‍; രാഹുല്‍ ഗാന്ധി പള്ളിയിലെത്തി

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഉടന്‍; രാഹുല്‍ ഗാന്ധി പള്ളിയിലെത്തി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ ഉടന്‍ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

നിര്‍മാണം നടക്കുന്ന സ്വവസതിയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം ആരംഭിച്ച വിലാപയാത്ര അല്‍പ സമയത്തിനകം സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തിച്ചേരും. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പള്ളിയിലെത്തിയിട്ടുണ്ട്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തറവാട് വീടായ കരോട്ടുവള്ളിക്കാലില്‍ നിന്നാണ് ഭൗതിക ശരീരം നിര്‍മാണം നടക്കുന്ന സ്വവസതിയിലെത്തിച്ചത്. ഇവിടെ പ്രാര്‍ഥനകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷമാണ് പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടത്.

സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്. പുതുപ്പള്ളിക്കും ഇടവകയ്ക്കും നല്‍കിയ സേവനത്തിനോടുള്ള ആദര സൂചകമായി അദേഹത്തിന് പ്രത്യേക കല്ലറയൊരുക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പള്ളിയുടെ കിഴക്ക് വശത്തായി വേദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.