മക്കളെ മാപ്പ്... മണിപ്പൂരില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ വേദനയും പ്രതിഷേധവുമായി കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്

മക്കളെ മാപ്പ്... മണിപ്പൂരില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ വേദനയും പ്രതിഷേധവുമായി കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: മണിപ്പൂരില്‍ പതിനഞ്ചും പത്തൊമ്പതും വയസുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി ജനമധ്യത്തിലൂടെ നടത്തി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുറിവേറ്റ മനുഷ്യമനസാക്ഷിയുടെ പ്രതീകമായി വേദനയും പ്രതിഷേധവും പ്രകടിപ്പിച്ച് സന്ന്യാസിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ പാഞ്ചാലിയുടെ കഥയിലെപ്പോലെ കാമവെറി പൂണ്ട് മണിപ്പൂരിലെ തെരുവുകളില്‍ വിവസ്ത്രമാക്കിയതും പീഡിപ്പിച്ചതും ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനനേയുമാണെന്ന് സിസ്റ്റര്‍ സോണിയ തെരേസ്  ഡി.എസ്.ജെ പോസ്റ്റ് ചെയ്ത തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ഈ ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വളരെ ലജ്ജയോടെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഒരു വീഡിയോ മണിപ്പൂരില്‍ നിന്നുള്ളതാണ്. ഒരു ഗ്രാമം അഗ്‌നിക്കിരയാക്കുന്നു. മറ്റൊരു വര്‍ഗക്കാര്‍ ആ ഗ്രാമത്തില്‍ നിന്ന് രണ്ട് നിഷ്‌കളങ്ക പെണ്‍കുട്ടികളെ പിടികൂടി നഗ്നരാക്കി ജനമധ്യത്തിലൂടെ നടത്തിക്കൊണ്ട് വരുന്നു. ആള്‍ക്കൂട്ടത്തിലെ പലരും യുവതികളുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ആര്‍ത്തട്ടഹസിച്ച് അവരെ ഒരു വയലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

ക്രിസ്ത്യാനികള്‍ ആണെന്ന ഒറ്റക്കാരണത്താലാണ് അവര്‍ക്ക് ഇത്രയേറെ നിന്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഓരോ ഇന്ത്യന്‍ പൗരനും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക അവകാശങ്ങള്‍ എന്ന തലക്കെട്ടോടെ കോറിയിട്ടിരിക്കുന്ന സുവര്‍ണ ലിഖിതങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന് അടര്‍ത്തി മാറ്റുന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണുന്നത്. ഭരണാധികാരികളുടെ നിശബ്ദതയും നിയമപാലകരുടെ നിസംഗതയും അക്രമികള്‍ക്ക് വളം വച്ചുകൊടുക്കുമ്പോള്‍ ഇത്തരം പൈശാചിക പ്രവൃത്തികള്‍ വര്‍ദ്ധിക്കാനാണ് സാധ്യത.

റോമാ നഗരം അഗ്നിക്ക് ഇരയായപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു എന്നാണ് ചരിത്രത്തില്‍ കാണുന്നത്. കാലങ്ങള്‍ക്കിപ്പുറം ഇന്ന് മണിപ്പൂര്‍ കത്തിയമരുകയും സ്ത്രീകള്‍ പരസ്യമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ മ്ലേച്ഛമായ പ്രവൃത്തി രാജ്യത്തിന് നാണക്കേട് ഉണ്ടാക്കി എന്ന് വിലപിക്കുന്ന ഭരണാധികാരികളോടും നിയമ പാലകരോടും ഇത്തരം അപമാനകരമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്.

ഇത്തരമൊരു വീഡിയോ മാസങ്ങള്‍ക്ക് ശേഷമാണ് വെളിയില്‍ വന്നത് എന്നുള്ളത് ചിന്തനീയമാണ്. ഇന്റര്‍നെറ്റും ഫോണും വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ അരങ്ങേറിയ കിരാതമായ പീഡനങ്ങളുടെ ശരിയായ ചിത്രം ഇപ്പോഴും ലഭ്യമല്ല. ഏതോ വിധത്തില്‍ പുറത്തെത്തിയ, ലോകത്തെ മുഴുവന്‍ ലജ്ജിപ്പിച്ച ഒരു വീഡിയോയ്ക്ക് അപ്പുറം ഇതിലും ക്രൂരമായ പല അതിക്രമങ്ങളും അവിടെ നടന്നിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല.

കിരാതമായ പീഡനങ്ങളില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും അക്രമണത്തെ തുടര്‍ന്ന് നാടുകടത്തപ്പെട്ടവരും എത്രയെന്നതിന് കൃത്യമായ കണക്കുകളില്ല. ഉറ്റ ബന്ധുക്കളെക്കുറിച്ച് പോലും വ്യക്തതയില്ലാത്തവരാണ് നാടുവിട്ടോടിയ പലരും. സംഭവിച്ചവയെക്കുറിച്ച് ശരിയായ വിധത്തിലുള്ള ഒരു ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന പക്ഷം ലോകത്തെ നടുക്കുന്ന പലതും അതുവഴി വെളിപ്പെട്ടേക്കാം.

ശരിയാണ് ഭരണാധികാരികളെ, ഈ വീഡിയോ മാധ്യമങ്ങള്‍ വഴി ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ അഭിമാനത്തിന് കളങ്കം ഏല്‍ക്കുക തന്നെ ചെയ്യും. ചന്ദ്രയാന്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചപ്പോള്‍ ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ന്നത് ആഘോഷിക്കുകയും എന്നാല്‍ മണപ്പൂരിലെ സ്ത്രീകള്‍ ജനമധ്യത്തില്‍ വിവസ്ത്രരായി പീഡിപ്പിക്കപ്പെട്ടത് അറിയാതിരിക്കുകയോ അല്ലെങ്കില്‍ അറിഞ്ഞില്ല എന്ന് നടിക്കുകയോ ചെയ്യുന്നതാണോ രാഷ്ട്രീയത?... ഇത് ക്രൂരതയാണ്, പൈശാചികതയാണ്....

ലോകത്തിന്റെ മുമ്പില്‍, ഇന്ത്യ എന്ന മഹാരാജ്യത്തിലെ 142 കോടി വരുന്ന ജനസാഗരത്തിന്റെ മുമ്പില്‍ പരസ്യമായി പീഡിപ്പിക്കപ്പെട്ട ആ സഹോദരിമാരോട് ഹൃദയ വേദനയോടെ മാപ്പ് ചോദിക്കുന്നു... മക്കളെ മാപ്പ്... മാപ്പ്... സിസ്റ്റര്‍ സോണിയ തെരേസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.