സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അവസാന റൗണ്ടില്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്;  മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അവസാന റൗണ്ടില്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയത്.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് അവസാന റൗണ്ടില്‍. വിന്‍സി അലോഷ്യസും സെറിന്‍ ഷിഹാബും തമ്മിലാണ് മികച്ച നടിക്കുള്ള മത്സരം.

രേഖ എന്ന സിനിമയിലെ അഭിനയത്തിലൂടെ വിന്‍സി അലോഷ്യസും ആട്ടം എന്ന സിനിമയിലൂടെ സെറിന്‍ ഷിഹാബും അപ്രതീക്ഷിതമായി അവസാന റൗണ്ടിലെത്തി.

നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളാണ് മമ്മൂട്ടിയെ മുന്നിലെത്തിച്ചത്. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനുള്ളത്. മലയിന്‍കുഞ്ഞിലെ അഭിനയമാണ് ഫഹദിനെ അവസാന റൗണ്ടിലെത്തിച്ചത്.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, തരൂണ്‍ മൂര്‍ത്തിയുടെ സംവിധാനം നിര്‍വഹിച്ച സൗദി വെള്ളക്ക, നവാഗത സംവിധായിക രത്തീനയുടെ മമ്മൂട്ടി ചിത്രം പുഴു, മഹേഷ് നാരായണന്റെ അറിയിപ്പ്, ഷാഹി കബീറിന്റെ ഇലവീഴാ പൂഞ്ചിറ എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍ അവസാന റൗണ്ടിലുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.