ഭാരത്തിൽ ഇനി വരുന്ന തെരെഞ്ഞുടുപ്പുകളിൽ വോട്ടിംഗ് മെഷീനിൽ ചിഹ്നത്തിനു നേരെ വിരലമര്‍ത്താനൊരുങ്ങുമ്പോള്‍ ക്രൈസ്തവരുടെ മനസില്‍ ആദ്യം വരേണ്ടത് രാജ്യത്തുണ്ടായ എണ്ണമറ്റ ക്രൈസ്തവ പീഡന പരമ്പരകളിലെ മണിപ്പൂരിലെ കിരാതമായ ഏറ്റവും പുതിയ ആക്രമണ പരമ്പരകളാണ്. വംശീയ ആക്രമണങ്ങള്‍ക്കു വിധേയരാകുന്ന ക്രിസ്തീയ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചു നടപടികൾ കൈക്കൊള്ളുന്നവർക്കേ വോട്ട് ചെയ്യുകയെന്ന് ഓരോ ക്രൈസ്തവനും നിലപാടെടുക്കണം. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന ലിസ്റ്റിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീഗഡ്ഡ്,, ജാര്‍ഖണ്ഡ്, അസം, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം മത തീവ്രവാദികളില്‍ നിന്ന് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ നിരവധിയാണ്. മണിപ്പൂരിൽ നടക്കുന്ന വന്യമായ ആക്രമണങ്ങൾ കണ്ടെന്നു നടിക്കാനോ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആവലാതികള്‍ കേള്‍ക്കാനോ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകൾ തയ്യാറായിട്ടില്ല.
ഇലക്ഷനുകള്‍ക്ക് മുന്നോടിയായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്നുണ്ടെന്ന് ക്രൈസ്തവർ തിരിച്ചറിയണം.
വംശീയ വിദ്വേഷം നിലനിര്‍ത്തുമ്പോള്‍ തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നു തെളിയിക്കുന്ന പാർട്ടികൾ ദുഖിക്കേണ്ടി വരും. മണിപ്പൂരിലെ പീഡനങ്ങളുടെ യഥാര്‍ഥ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അക്രമസംഭവങ്ങള്‍.
ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ മണിപ്പൂരിലെയും ഛത്തീസ്ഘട്ടിലെയും നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബ്ബന്ധിതരാവുകളും ചെയ്യുന്നു. വര്‍ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ ഭരണ കൂടങ്ങള്‍ തയ്യാറാകുന്നില്ല.
ഓസ്ട്രേലിയന്‍ ക്യൂന്‍സ് ലാന്റുകാരനായ ക്രിസ്റ്റ്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ മക്കളായ ഒമ്പത് വയസുകാരന്‍ ഫിലിപ്പ്, ഏഴ് വയസുള്ള തിമോത്തി എന്നിവരെയും ഹിന്ദു വര്‍ഗീയ വാദികള്‍ ജീവനോടെ ചുട്ടെരിച്ച ദിവസം. ഒഡീഷയിലെ മയൂര്‍ഗഞ്ച് ജില്ലയില്‍ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ 1965 മുതല്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുകയായിരുന്നു ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സും കുടുംബവും. പിഞ്ചു കുഞ്ഞുങ്ങളോടുപോലും മനസലിവു കാട്ടാതെ ചുട്ടുകൊന്ന വര്‍ഗീയ കാട്ടാളത്വം കണ്ട് ലോക മനസാക്ഷി ഞെട്ടി. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ നാട് ലോകത്തിനു മുന്നില്‍ നാണം കെട്ട് തല താഴ്ത്തി നിന്നു.
ഇന്നിതാ രണ്ടു മണിപ്പൂരി ക്രിസ്ത്യൻ സ്ത്രീകളും അപമാനിതരായിരിക്കുന്നു. മണിപ്പൂരിൽ രണ്ട് ക്രിസ്ത്യൻ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ വൈറലാകുകയും രാജ്യവ്യാപകമായി ഭീതിയും രോഷവും ഉണ്ടാക്കുകയും ചെയ്തു. ഈ അടുത്ത കാലത്ത് ക്രൈസ്തവർ ഒരിക്കലും മറക്കാത്ത സംഭവം.
ഇന്ത്യയിലെ പ്രധാന ഭീഷണികൾ മതപരമായ ദേശീയതയും സ്വേച്ഛാധിപത്യ ഭ്രമാത്മകതയുമാണ്. അടുത്തു വരുന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാ ക്രൈസ്തവരും തങ്ങളുടെ ക്രൈസ്തവ വിഭാഗീയത വെടിഞ്ഞു കൊണ്ട് ക്രൈസ്തവ സംരക്ഷണം ഉറപ്പാക്കുന്ന പാർട്ടികൾക്ക് വോട്ടു ചെയ്യാൻ പ്രതിജ്ഞയെടുക്കണം.അതാണ് ക്രൈസ്തവർക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിഷേധം.