ദുബായ്: ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിന്‍റെ പാസ് വേഡുകള്‍ പങ്കുവയ്ക്കുന്നതിന് യുഎഇയിലും നിയന്ത്രണം. ജൂലൈ 20 മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഇത് അനുസരിച്ച് ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഒരാള്‍ക്ക് അല്ലെങ്കില്‍ ഒരു കുടുംബത്തിന് മാത്രമാണ് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാന്‍ കഴിയുക. വൈഫൈ നെറ്റ് വർക്കും ഐപി അഡ്രസും ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയിലും സമാനമായ രീതി നെറ്റ്ഫ്ലിക്സ് നടപ്പിലാക്കിയിരുന്നു. വീടിന് പുറത്തുളളവർക്ക് അക്കൗണ്ട് പങ്കിടുന്നവർക്ക് പുതിയ നിർദ്ദേശം കമ്പനി നല്‍കിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് കാണുന്ന പ്രധാന സ്ഥലത്ത് നിന്ന് ഇന്‍റർനെറ്റിലേക്ക് ബന്ധിപ്പിച്ച് നെറ്റ്ഫ്ലിക്സ് കാണാം. ഒരു വീട്ടിലുളളവർക്ക് ഒരു അക്കൗണ്ട് എന്ന രീതിയില്‍ നെറ്റ്ഫ്ലിക്സ് മാറുകയാണെന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം.
ഉപയോക്താക്കൾക്ക് തങ്ങൾക്കൊപ്പം താമസിക്കാത്ത മറ്റുള്ളവരുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കിൽ അധിക ഫീസ് നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. യുഎസ്, ഫ്രാന്‍സ്, ജർമ്മനി, സിംഗപ്പൂർ,മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ സംവിധാനം നെറ്റ്ഫ്ലിക്സ് നടപ്പിലാക്കിയിരുന്നു.