തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും നടത്തിയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം ചടങ്ങ് 17,18,19 തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി ബിരുദാന ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് 19 വരെ ആഘോഷ പരിപാടികളായിരുന്നു. പതിനെട്ടാം തീയതി രാവിലെ ഉമ്മന്‍ ചാണ്ടിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നു. രാവിലെ തന്നെ മരണ വാര്‍ത്ത അറിഞ്ഞിട്ടും പരിപാടി മാറ്റിവയ്ക്കാനുള്ള ഔചിത്യം മെഡിക്കല്‍ കോളജ് കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്തുന്നതിനിടെയാണ് പതിനെട്ടിന് രാത്രിയില്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സംഗീത നിശയും മദ്യപാനവും നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പൊതു അവധിയും ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് ആഘോഷപരിപാടികള്‍ നടത്തിയത്. ആഘോഷത്തിനിടെ പരസ്യമായ മദ്യപാനം ഉള്‍പ്പടെയുണ്ടായതായും ഈ വിവരം ആ സമയത്ത് തന്നെ പൊലീസിനെയും എക്സൈസിനെയും അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.