തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തിലെ ഒഴിവ് നികത്താനുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നു. ഇതിനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഒക്ടോബര്‍ മാസത്തില്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഞ്ചുപതിറ്റാണ്ടിലേറെയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കേരള നിയമസഭയില്‍ പുതുപ്പള്ളിയുടെ പ്രതിനിധി.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങാനും സിപിഎം യോഗത്തില്‍ ധാരണയായി.
അടുത്ത മാസം ആദ്യം പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നുണ്ട്. അതിനുശേഷം സംസ്ഥാന നേതൃയോഗങ്ങളും ചേരും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ഏകദേശ ധാരണ.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി ജനവിധി തേടിയത്. പിന്നീട് ഇന്നേവരെ ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. ആരാവും പുതുപ്പള്ളിയുടെ പുതിയ നായകന്‍ എന്ന കാത്തിരിപ്പിലാണ് കേരളം.