കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യേഗസ്ഥനെതിരെ കേസെടുത്ത് ശാസ്താംകോട്ട പൊലീസ്. പ്രതിയായ കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ ആര്‍.രാജേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പ് ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസറാണ്.
ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റിനുതാഴെ വിദ്വേഷകരമായ രീതിയില്‍ പ്രതികരിച്ചതിനാണ് രാജേഷിനെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്റെ നടപടി.
കഴിഞ്ഞ ദിവസം നടന്‍ വിനായകനും ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് വിനായകനെതിരെ കേസെടുത്തു. ഇന്ന് ചോദ്യം ചെയ്യലിന് വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായില്ല.
എന്നാല്‍, വിനായകനെതിരെ കേസെടുക്കരുതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുതെന്നും കേസെടുത്ത് എന്ന് പറയുന്നെങ്കില്‍ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.