കോഴിക്കോട്: ഉമ്മന്‍ ചാണ്ടിയോട് താന്‍ തെറ്റ് ചെയ്തുവെന്നും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും സരിത എസ്. നായര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫിറോസ് കുന്നംപറമ്പില്‍.
ഉമ്മന്‍ചാണ്ടിയും ഹൈബി ഈഡനും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സരിത പറഞ്ഞതായി ഫെയ്‌സ്ബുക്ക് ലൈവിലെത്തി ഫിറോസ് വ്യക്തമാക്കി.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങള്‍:
സരിത എസ്. നായര്‍ രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു മരുന്നിന്റെ ആവശ്യത്തിന് വേണ്ടിയാണ് എന്നെ വിളിച്ചത്. സംസാരിക്കുന്നതിനിടെ അവരോട് ഞാന്‍ ചാണ്ടി സാറിന്റെ അവസ്ഥയെ കുറിച്ച് സംസാരിച്ചു. നിങ്ങള്‍ ചെയ്തത് ശരിയായില്ല എന്ന കാര്യം അവരെ ധരിപ്പിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഫിറോസിനോട് കുറേ സംസാരിക്കാനുണ്ടെന്നും നേരില്‍ കാണാന്‍ സാധിക്കുമെങ്കില്‍ അതെല്ലാം പറയാന്‍ തയ്യാറാണ് എന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ കാണാന്‍ തയ്യാറായില്ല. അവരെന്നോട് പറഞ്ഞ വിഷയം, 'ചാണ്ടി സര്‍ ആശുപത്രിയിലാണ്, ഫിറോസിന് പറ്റുമെങ്കില്‍ അദേഹത്തെ കാണാന്‍ ഒരു അവസരം ഒരുക്കിത്തരണം' എന്നാണ്. 'ചെയ്ത ആ തെറ്റിന് എനിക്ക് മാപ്പ് പറയണം'.
ഞാന്‍ പറഞ്ഞത് ഇല്ലാത്ത വിഷയമാണെന്നും മാപ്പ് പറയണമെന്നും സരിത പറഞ്ഞു. താന്‍ ചിലരോട് അക്കാര്യം പറഞ്ഞുവെങ്കിലും അവര്‍ അത് മുഖവിലയ്ക്ക് എടുത്തില്ല. പക്ഷേ ആ അവസാന സമയത്ത് എങ്കിലും അവരെ കാണാനോ മാപ്പ് പറയാനോ സാധിച്ചിരുന്നുവെങ്കില്‍ ആ കുടുംബത്തിനും മനുഷ്യനും ഉണ്ടാകുന്ന സന്തോഷം വലുതാകും.
തന്നോട് ക്രൂരമായി പെരുമാറിയ ആളുകള്‍ക്ക് പോലും മാപ്പ് നല്‍കുന്ന മനുഷ്യനാണ്. ഇവര്‍ അദ്ദേഹത്തിന്റെ മുന്നലെത്തി ചെയ്തുപോയത് തെറ്റാണ് എന്ന് പറഞ്ഞാല്‍ അദേഹം മാപ്പ് നല്‍കി പൊയ്ക്കോളൂ എന്നേ പറയുകയുളളൂ. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ. മരണപ്പെട്ടതിന് ശേഷം അവരുടെ സ്റ്റാറ്റസ് കണ്ടു.
അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു, 'ആള് പോയില്ലേ, ഇനിയെങ്കിലും എഫ്ബിയില്‍ ഒന്ന് എഴുതുകയെങ്കിലും ചെയ്തുകൂടെ' എന്ന്. 'ആള്‍ മരണപ്പെട്ടില്ലേ ഞാനിനി ആരോട് പറയാനാ' എന്നാണ് സരിത പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി.