നവോദയ വിദ്യാലയങ്ങളില്‍ എങ്ങനെ പ്രവേശനം നേടാം ?

നവോദയ വിദ്യാലയങ്ങളില്‍ എങ്ങനെ പ്രവേശനം നേടാം ?

കൊച്ചി: ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ അടുത്ത അദ്ധ്യായന വര്‍ഷത്തേക്ക് (2024-25) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശനം ആറാം ക്ലാസിലേക്കാണ്. ഓഗസ്റ്റ് 10 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങളുണ്ട്.

അടുത്ത ജനുവരി 20ന് നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

ഓരോ ജില്ലയിലുമുള്ള നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസിലെ 80 സീറ്റിലേക്കാണ്, പ്രവേശനം. ഗ്രാമപ്രദേശങ്ങളില്‍ പഠിച്ചവര്‍ക്ക്, പ്രത്യേക സംവരണമുണ്ട്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ ഗ്രാമ പ്രദേശത്തെ വിദ്യാലയങ്ങളില്‍ പഠനം നടത്തിയവരെയാണ് ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കുള്ള 75% ക്വാട്ടയില്‍ പരിഗണിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിലേക്ക് ഗ്രാമപ്രദേശങ്ങളില്‍ പഠിച്ചവര്‍ക്കൊപ്പം നഗരപരിധിയിലുള്ളവരെയും പരിഗണിക്കും.

ആകെയുള്ള സീറ്റുകളില്‍, 33% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ സ്ഥിരതാമസക്കാരെ മാത്രമേ പരിഗണിക്കൂ. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാന്‍സില്‍ ജയിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അംഗീകൃത ഓപ്പണ്‍ സ്‌കൂളുകാര്‍ 'ബി' സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

കേരളത്തിലെ 14 ജില്ലകളിലായി 14 നവോദയ സ്‌കൂളുകളുണ്ട്. സ്‌കൂളില്‍ തന്നെ താമസിച്ചു പഠിക്കണമെന്നാണ് നിബന്ധന. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവ പരിപൂര്‍ണ്ണമായും സൗജന്യമാണ്. 912 ക്ലാസുകളില്‍ മാത്രം 600/ രൂപ പ്രതിമാസ ഫീസുണ്ട്. എന്നാല്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍, പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് നിശ്ചിത ഫീസ് നിരക്കുണ്ട്.

അപേക്ഷിക്കാനുള്ള യോഗ്യത എന്ത്?

അപേക്ഷകര്‍, ജവഹര്‍ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ ഈ അദ്ധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരാകണം. അതാതു ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്കു മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. അപേക്ഷകരുടെ ജനന തീയതി 2012 മേയ് ഒന്നിനു മുന്‍പോ 2014 ജൂലൈ 31നു ശേഷമോ ആകരുത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.