തിരുവനന്തപുരം: കോടികളുടെ കേന്ദ്ര സഹായം നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ പല നവീകരണ പ്രവര്‍ത്തികള്‍ക്കായി കെ.എസ്.ഇ.ബി ചിലവഴിക്കുന്ന തുകയുടെ സാമ്പത്തിക ബാദ്ധ്യത ജനങ്ങളുടെ ചുമലിലാവും.
ഇതിനു പുറമേ, സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാത്തുകയില്‍ 4000 കോടി രൂപ കേന്ദ്രം വെട്ടിക്കുറയ്ക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാവും. യൂണിയനുകളുടെ എതിര്‍പ്പാണ് സ്മാര്‍ട്ട് മീറ്റര്‍ ഉപേക്ഷിക്കാനുള്ള മുഖ്യകാരണം.
ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെമ്പാടും നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ വേണ്ടന്നു വയ്ക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഇതോടെ
വൈദ്യുതി വിതരണ നവീകരണത്തിന് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം- ആര്‍.ഡി.എസ്.എസ്) 60 ശതമാനം ധനസഹായത്തോടെ കേന്ദ്രം അനുവദിച്ച 12131കോടി രൂപ കിട്ടാതാവും.
ഇതു പ്രതീക്ഷിച്ച് കെ.എസ്.ഇ.ബി തുടങ്ങിവച്ച നവീകരണ പ്രവൃത്തികള്‍ മുടങ്ങും. അല്ലെങ്കില്‍ തുക സ്വയം കണ്ടെത്തണം. ഇതിന്റെ രണ്ടാം ഘട്ടമായി കെ.എസ്.ഇ.ബി ആവശ്യപ്പെട്ട 13126 കോടി രൂപയ്ക്കും അര്‍ഹതയില്ലാതാവും.
സ്മാര്‍ട്ട്മീറ്റര്‍ ഉടനടി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎംപോളിറ്റ് ബ്യൂറോ രണ്ടാഴ്ച മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. സ്മാര്‍ട്ട് മീറ്റര്‍ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്നും പൊതുജനങ്ങള്‍ക്ക് അധിക സാമ്പത്തികബാദ്ധ്യത വരുത്തുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.