ഇംഫാല്‍: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കലാപം നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ സംസ്ഥാനം പൂര്‍ണമായുമുള്‍ക്കൊള്ളുന്ന ഇംഫാല്‍ അതിരൂപതയ്ക്ക് സീറോമലബാര്‍ സഭ പിന്തുണയറിയിച്ചത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമന്‍.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലെ നിജസ്ഥിതി മനസിലാക്കുന്നതിനും സഭയുടെ കരുതലും സഹായവും നേരിട്ടറിയിക്കുന്നതിനുമായി സീറോമലബാര്‍ മിഷന്‍ ഓഫിസ് സെക്രട്ടറി റവ. ഫാ. സിജു ജോര്‍ജ് അഴകത്ത് എം.എസ്.ടിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തെ മണിപ്പൂരിലേക്ക് അയക്കുകയും കര്‍ദിനാള്‍ ആലഞ്ചേരി പിതാവിന്റെ സന്ദേശമടങ്ങുന്ന കത്ത് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ലൂമന്‍ മറുപടി സന്ദേശത്തിലൂടെ കൃതജ്ഞത പ്രകടിപ്പിച്ചത്.
ജൂലൈ പതിമൂന്നിന് പുറപ്പെട്ട സംഘം മണിപ്പൂരിലെത്തി ആര്‍ച്ച ബിഷപ് ഡൊമിനിക് ലൂമനെ സന്ദര്‍ശിക്കുകയും കലാപം സൃഷ്ടിച്ച ദുരിതങ്ങളെ അതിജീവിക്കുന്നതിനുള്ള സീറോമലബാര്‍ സഭയുടെ പിന്തുണയും സഹകരണവും ഉറപ്പുനല്‍കുകയും ചെയ്തു.
തുടര്‍ന്ന് അതിരൂപതാ പ്രതിനിധികളോടൊപ്പം കലാപബാധിതമായ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ക്യാമ്പുകളിലുള്ള കലാപ ബാധിതരെയും പതിറ്റാണ്ടുകളായി മണിപ്പൂരില്‍ വിവിധങ്ങളായ പ്രേഷിത ശുശ്രൂഷകളിലേര്‍പ്പെട്ടിരിക്കുന്ന വൈദികരെയും സന്യസ്തരെയും ജനപ്രതിനിധികളെയും കണ്ട് സംസാരിക്കുകയും നിജസ്ഥിതി മനസിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
അതിരൂപതയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും ഏറെ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കേരളസഭ തങ്ങളുടെ സങ്കടത്തിന്റെയും, നഷ്ടപ്പെടലിന്റെയും ദുരിതത്തിന്റെയും കാലഘട്ടത്തിലും കൂടെയുണ്ടെന്നുള്ളത് ഏറെ ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതാണെന്ന് ആര്‍ച്ച് ബിഷപ് ഡൊമിനിക് ലൂമന്‍ മറുപടി സന്ദേശത്തില്‍ വ്യക്തമാക്കി.