ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന് തിരുവനന്തപുരത്ത്;  മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാഷ്ട്രീയ കേരളം അനുസ്മരിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അധ്യക്ഷത വഹിക്കും.

ഇന്ന് വൈകുന്നേരം നാലിന് അയ്യങ്കാളി ഹാളിലാണ് ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ, സാംസ്‌കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി ഒരുക്കിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി അനുസ്മരണം സംബന്ധിച്ച കെപിസിസിയുടെ അറിയിപ്പ്:

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം കെപിസിസിയുടെ നേതൃത്വത്തില്‍ ജൂലൈ 24 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം നാലിന്് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, കലാ, സാംസ്‌കാരിക, ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.