റാന്നി: റാന്നിയിലും കോന്നിയിലും ഭീതി പരത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. റാന്നിയില്‍ സ്ഥാപിച്ച ക്യാമറയില്‍ കണ്ടെത്തിയ കടുവയും കോന്നിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയും ഒന്നാണെന്നാണ് വനം വകുപ്പിന്റെ സ്ഥിരീകരണം. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ മാസം 20ന് കോന്നി റെയ്ഞ്ചിലെ കോന്നി താഴത്ത് സത്യരാജിന്റെ പുരയടത്തിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. റാന്നി- പെരുനാട് ഗ്രാമപഞ്ചായത്തിലെ ബഥനിമല, മന്ദപ്പുഴ ഭാഗങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച കടുവ ചത്തതിനാല്‍ ഈ പ്രദേശത്തുള്ളവരുടെ ആശങ്കയും ഭയപ്പാടും തല്‍ക്കാലം ഒഴിഞ്ഞിരിക്കുകയാണ്.
കോന്നിയില്‍ ചത്ത കടുവ തന്നെയാണ് റാന്നിയില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചതെന്ന് പെരിയാറില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കടുവയുടെ ചിത്രങ്ങളടക്കം വിശദമായ വിശകലനത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
റാന്നിയുടെ മലയോര മേഖലയായ പെരുന്നാട്ടില്‍ ഭീതി പരത്തിയ കടുവ ചത്തതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതിനെ പിടികൂടുന്നതിനായി നടത്തി വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായി റാന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.