'മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തത് പറഞ്ഞു; ഉമ്മന്‍ ചാണ്ടിയെപ്പോലെ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ല': സി. ദിവാകരന്‍

'മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തത് പറഞ്ഞു; ഉമ്മന്‍ ചാണ്ടിയെപ്പോലെ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ല': സി. ദിവാകരന്‍

തിരുവന്തപുരം: കോണ്‍ഗ്രസ് നേതാവായിരുന്നെങ്കിലും കമ്യൂണിസ്റ്റുകാരെ ഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പാവപ്പെട്ടവനെ, വിശക്കുന്നവനെ, അനാഥനെ, വീടില്ലാത്തവനെ അന്വേഷിച്ചു നടന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി. തെരുവില്‍ നടക്കുന്ന അഭയാര്‍ഥിയെ പോലെയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരി.

പരിചയമില്ലാത്തവരോടും പോലും അദ്ദേഹം സംസാരിച്ചു. അതാണ് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേരളം പ്രകടിപ്പിച്ചത്. കേരളത്തില്‍ മറ്റൈാരു നേതാവിന്റെയും വേര്‍പാടില്‍ ഇതുപോലൊരു ജനസഞ്ചയം ഉണ്ടായിട്ടില്ലെന്നും ദിവാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പോലെ സമകാലിക രാഷ്ട്രീയത്തില്‍ മറ്റാരും ഇത്രമാത്രം വേട്ടയാടപ്പെട്ടിട്ടില്ല. പ്രക്ഷുബ്ധമായ നിയമസഭയില്‍ അദ്ദേഹത്തിന് വേണ്ടി വലിയ ശബ്ദമുയര്‍ന്നില്ലെന്നത് തന്നെ വേദനിപ്പിച്ചതാണ്. ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തതു പറയുമ്പോഴും അതൊന്നും അദേഹം കൂസാക്കിയില്ല. കൊടുംങ്കാറ്റ് വന്നാലും അനങ്ങാത്ത വ്യക്തിയായിരുന്നു അദേഹം.

ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തുകൊണ്ട് നിയമസഭയില്‍ രൂക്ഷമായി പ്രതികരിക്കാത്തതെന്ന് ചോദിച്ച് എന്നെ ആക്ഷേപിച്ചവരുണ്ട്. തനിക്ക് ബോധ്യപ്പെടാത്ത ഒരാക്ഷേപവും ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ചിട്ടില്ല. അങ്ങയുടെ കൂടെയുള്ളവരാണ് ഈ ദുരന്തങ്ങള്‍ വരുത്തിവച്ചതെന്ന് താന്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ സത്യസന്ധതയുടെ, നിലപാടുകളുടെ അംഗീകാരമാണ് അദേഹത്തിന്റെ അന്ത്യയാത്ര. കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ പോലെയായിരുന്നെങ്കില്‍ കേരളത്തില്‍ മറ്റൊരു പാര്‍ട്ടിക്കും രക്ഷയുണ്ടാകില്ല.

അസാധാരണമായ ഭരണ ശൈലിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. കേരളത്തില്‍ ഈ ശൈലി പിന്തുടരാനാവുന്നവര്‍ ഇന്ന് കോണ്‍ഗ്രസിലോ ഇടതുപക്ഷത്തോ ഇല്ല. അതൊരു യന്ത്രം പോലെയായിരുന്നു. തേയ്മാനമില്ലാത്ത ഒരു ജനസേവന കേന്ദ്രമായിരുന്നു. അദേഹത്തെ അനുകരിക്കാന്‍ കഴിയുന്നവര്‍ അത് പിന്തുടരണമെന്നും ദിവാകരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.