കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തില്ല; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി

കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തില്ല; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ വാര്‍ഷിക വായ്പ പരിധി വര്‍ധിപ്പിക്കുന്ന ഒരു നിര്‍ദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി കേരള സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. വായ്പ പരിധി ഉയര്‍ത്തുന്നതിനുള്ള ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.

ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സഹായവും അധിക വായ്പയും ആവശ്യപ്പെട്ട് ജൂലൈ 12 ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെക്കണ്ട് കത്ത് നല്‍കിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ സാഹചര്യങ്ങള്‍ കത്തില്‍ വിശദമായി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിലെ മറുപടി ഏത് സാഹചര്യത്തിലാണെന്നറിയില്ല. മുന്‍വര്‍ഷത്തേക്കാള്‍ സാമ്പത്തിക ഞെരുക്കമാണ് കേരളം ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചിരുന്നു. വായ്പ പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും റവന്യൂക്കമ്മി നികത്താനുള്ള സഹായധനത്തിലെ കുറവും കാരണം 28,000 കോടി രൂപയോളം മുന്‍വര്‍ഷത്തെക്കാള്‍ കുറയുമെന്നും അറിയിച്ചു.

എന്നാല്‍ 2023 മേയ് 10 ല്‍ കേരളം നല്‍കിയ കത്തില്‍ കിഫ്ബിയുടെ കടമെടുക്കാനായി തിട്ടപ്പെടുത്തിയ തുക 2500 കോടി രൂപയാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതെന്ന് കേന്ദ്രമന്ത്രിയും വിശദീകരിച്ചു. ഇതും പലിശയും സംസ്ഥാന ബജറ്റിലോ നികുതിയിലോ സെസിലോ ഇതര വരുമാനത്തിലോ വകയിരുത്തുന്നതാണ്. ധനക്കമ്മി പരിഹരിക്കാന്‍ കേരളം ആവശ്യപ്പെട്ട 37,814 കോടി രൂപ പലഘട്ടങ്ങളിലായി നല്‍കിയെന്നും പങ്കജ് ചൗധരി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.