തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസ് വനം വകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെടുമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മരം മുറിച്ചത് പട്ടയ ഭൂമിയില്‍ നിന്നാണെന്നും വനം ഭൂമിയില്‍ നിന്നാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് കേസ് പ്രത്യേക സംഘം അന്വേഷിച്ചതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മരം മുറിക്കാന്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേസിലെ പ്രതി റോജി അഗസ്റ്റിന്‍ തങ്ങളെ സമീപിച്ചതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു അനുമതിക്കത്തിലും തങ്ങളാരും ഒപ്പിട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭൂവുടമകളുടെ പേരില്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ കത്തുകളാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ ഏഴ് കത്തുകളും എഴുതിയത് റോജി അഗസ്റ്റിനാണെന്ന് കൈയക്ഷര പരിശോധനയില്‍ തെളിഞ്ഞു.
ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി നല്‍കിയ അനുമതിയുടെ പശ്ചാത്തലത്തിലാണ് മരം മുറിച്ചതെന്നായിരുന്നു പ്രതികളുടെ വിശദീകരണം. ഭൂപരിഷ്‌കരണ നിയമം വന്നതിന് ശേഷം പട്ടയം നല്‍കിയ ഭൂമികളില്‍ കിളിര്‍ത്തതോ വച്ചുപിടിപ്പിച്ചതോ ആയ മരങ്ങള്‍ മാത്രമാണ് ഈ നിയമപ്രകാരം മുറിക്കാന്‍ അനുമതിയുള്ളത്. ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകന് മുറിക്കാമെന്നതായിരുന്നു ഉത്തരവ്. എന്നാല്‍ 500 വര്‍ഷത്തിലപ്പുറം പഴക്കമുള്ള മരങ്ങളാണ് ഇവര്‍ മുറിച്ച് കടത്തിയതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘത്തിന് മനസിലായി.