പത്തനംതിട്ട: ആറന്മുളയില്‍ മൂന്നാം ക്ലാസുകാരിയെ ചൂരലുകൊണ്ട് അടിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍പി സ്‌കൂളിലെ അധ്യാപകനായ ബിനുവിനെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.
ക്ലാസില്‍ കണക്ക് ചെയ്ത് കാണിക്കാത്തതില്‍ പ്രകോപിതനായാണ് അധ്യാപകന്‍ കുട്ടിയെ തല്ലിയതെന്നാണ് എഇഒ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വഴി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ കൈ വെളളയിലും കൈത്തണ്ടയിലുമാണ് അടിയേറ്റത്. അമ്മയുടെ പരാതിയില്‍ പൊലീസും കേസെടുത്തിരുന്നു.
എഇഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. അധ്യാപകന്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.