മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: ഹൗളിങാണ് കാരണമെന്ന് ഓപ്പറേറ്റര്‍ രഞ്ജിത്ത്

 മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: ഹൗളിങാണ് കാരണമെന്ന് ഓപ്പറേറ്റര്‍ രഞ്ജിത്ത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതില്‍ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്ത്.

ഹൗളിങാണ് ഉണ്ടായതെന്നും സാധാരണമായ സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തത് അറിഞ്ഞപ്പോള്‍ ആദ്യം ചിരിയാണ് വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സാങ്കേതിക പ്രശ്‌നം മാത്രമാണുണ്ടായത്. വയറില്‍ ബാഗ് വീണപ്പോഴാണ് ഹൗളിങ് ഉണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അയ്യങ്കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ചടങ്ങിലാണ് മൈക്ക് തകരാറിലായി മുഖ്യമന്ത്രിയുടെ പ്രസംഗം അല്‍പ്പ നിമിഷങ്ങള്‍ തടസപ്പെട്ടത്.

ആറ് സെക്കന്‍ഡിനുള്ളില്‍ തന്നെ ആ പ്രശ്‌നം പരിഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെയും തിരികെ നല്‍കിയിട്ടില്ലെന്നും മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു.

17 വര്‍ഷത്തെ തൊഴില്‍ ജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യമാണ്. താന്‍ പ്രധാനമന്ത്രിക്കും ദേശീയ നേതാക്കള്‍ക്കും ഉള്‍പ്പെടെ പലര്‍ക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.