മുഖ്യമന്ത്രി അസഹിഷ്ണുതയുടെ കൊടുമുടിയില്‍; മൈക്ക് കേടായ സംഭവത്തില്‍ കേസെടുത്തതിനെ പരിഹസിച്ച് കെ. സുധാകരന്‍

മുഖ്യമന്ത്രി അസഹിഷ്ണുതയുടെ കൊടുമുടിയില്‍; മൈക്ക് കേടായ സംഭവത്തില്‍ കേസെടുത്തതിനെ പരിഹസിച്ച് കെ. സുധാകരന്‍

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവേ മൈക്ക് കേടായ സംഭവത്തില്‍ കേസെടുത്തതിനെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമര്‍ശിച്ചും കോണ്‍ഗ്രസ്. സ്വമേധയാ കേസെടുത്തത് ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴുന്നതുകൊണ്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വിമര്‍ശിച്ചു. ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ അന്ധതയോടെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കേരള പൊലീസ് കളഞ്ഞുകുളിക്കില്ല. സി.പി.എമ്മിന്റെ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നം നേരത്തേയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേസെടുക്കാതിരിക്കുകയും ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന്റെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള സി.പി.എമ്മിന്റെ നാടകമാണ് ഇതിനുപിന്നിലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അസഹിഷ്ണുതയുടെ കൊടുമുടിയേറിയ പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെന്ന ജനപ്രിയ മുഖ്യമന്ത്രിയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പ്രതികരിച്ചു. ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും മാനസികവ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ കൂടെയുണ്ടാവുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സി.പി.എം. നേതാവ് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു. 'പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് അമര്‍ഷം ഉണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒപ്പം മുഖ്യമന്ത്രി സംസാരിക്കുന്ന സമയത്ത് മുദ്രാവാക്യം വിളിയുമുണ്ടായി. മുദ്രാവാക്യം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. സ്റ്റേജിന്റെ പിന്നില്‍ നിന്ന് ആദ്യം എഴുന്നേറ്റുനില്‍ക്കുന്നത് ബല്‍റാം ആണ്. ഇരിക്കണമെന്ന് ആംഗ്യം കാണിക്കുന്നുണ്ട്. പിന്നാലെ കെ.പി.സി.സി പ്രസിഡന്റും നിന്നു. ഇതിനെത്തുടര്‍ന്നാണ് മൈക്ക് ഓഫ് ആക്കുന്ന സ്ഥിതിവന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.