വിലക്കയറ്റത്തില്‍ വലഞ്ഞ് സംസ്ഥാനം: പച്ചക്കറി വില കുത്തനെ ഉയരുന്നു; ഹോര്‍ട്ടി കോര്‍പ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല

വിലക്കയറ്റത്തില്‍ വലഞ്ഞ് സംസ്ഥാനം: പച്ചക്കറി വില കുത്തനെ ഉയരുന്നു; ഹോര്‍ട്ടി കോര്‍പ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല

കൊച്ചി: സപ്ലൈക്കോയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഹോര്‍ട്ടി കോര്‍പ്പ് വില്‍പന കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. പൊതു വിപണിയില്‍ പച്ചക്കറി വില കുതിക്കുമ്പോള്‍ താങ്ങാവേണ്ട സര്‍ക്കാര്‍ സ്ഥാപനവും വിലക്കയറ്റത്തില്‍ വലയുന്നു. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ്. ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറികള്‍ക്ക് വിലയും കുറവാണ്. എന്നാല്‍ ആവശ്യമുള്ള പച്ചക്കറികള്‍ ഔട് ലെറ്റുകളില്‍ കിട്ടാനില്ല.

വിപണിയില്‍ തക്കാളിക്ക് വില കുതിച്ചുയരുകയാണ്. ഹോര്‍ട്ടി കോര്‍പ്പിന്റെ കേന്ദ്രങ്ങളില്‍ തക്കാളിക്കാണ് ഡിമാന്‍ഡ് കൂടുതല്‍. പക്ഷെ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാനില്ല. മുളക്, കാബേജ്, ഇഞ്ചി, പടവലം, ബീട്ട് റൂട്ട് ഇങ്ങനെ കറി വയക്കാന്‍ വേണ്ട പച്ചക്കറികള്‍ക്കെല്ലാം ഹോര്‍ട്ടി കോര്‍പ്പില്‍ ക്ഷാമമാണ്. ന്യായ വില കണക്കാക്കി കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ കാലി സഞ്ചിയുമായി മടങ്ങുകയാണ്.

മഴ കനത്തതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കും വിളവ് കുറഞ്ഞു. വില വര്‍ധനവ് കാരണം സംസ്ഥാനത്തിന് പുറത്ത് നിന്ന് പച്ചക്കറികള്‍ കൊണ്ടുവരാനാവുന്നുമില്ല. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വിശദീകരണം. ഹോര്‍ട്ടി കോര്‍പ്പ് വില്‍പന കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ ഇല്ലാതായാല്‍ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാന്‍ ഇത് കാരണമാവും. ഓണക്കാലം കൂടി കണക്കിലെടുത്ത് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജീവിക്കാനാവാത്ത സാഹചര്യമാണെന്നാണ് ജനം പറയുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തെ ശമ്പളം-പെന്‍ഷന്‍ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.