മൈക്ക് വിവാദം നാണക്കേടായി; പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു

മൈക്ക് വിവാദം നാണക്കേടായി; പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കേസെടുത്തത് വിവാമായതിനെ തുടര്‍ന്ന് സംഭവത്തില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

സംഭവത്തില്‍ സര്‍ക്കാരിനെയും കേസെടുത്ത പൊലീസിനെയും പരിഹസിച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചിരിപ്പിച്ച് കൊല്ലരുതെന്ന് സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് പറഞ്ഞാണ് കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്കിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയില്‍ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു. തുടര്‍ന്ന് കേരളാ പൊലീസ് ആക്ട് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു .

കെ സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചില പ്രവര്‍ത്തകര്‍ 'ഉമ്മന്‍ ചാണ്ടി സിന്ദാബാദ് ' മുദ്രാവാക്യം വിളിച്ചു.

മുദ്രാവാക്യം നീണ്ടപ്പോള്‍ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു. വേദിയിലിരുന്ന നേതാക്കളും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും കൈയുയര്‍ത്തി മുദ്രാവാക്യം വിളി നിറുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം പ്രസംഗമാരംഭിച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് മൈക്കില്‍ തകരാറുണ്ടായത്.

ഏഴ് സെക്കന്‍ഡുകള്‍ മാത്രം മൈക്ക് തകരാറയതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കൂടാതെ മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്.വി സൗണ്ട്സ് ഉടമ രഞ്ജിത്തില്‍ നിന്ന് മൈക്കും ആംപ്ലിഫെയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധനയില്‍ മനപൂര്‍വമല്ല തകരാറുണ്ടായത് എന്ന് വിലയിരുത്തിയ ശേഷം മൈക്കും ഉപകരണങ്ങളും ഉടമയ്ക്ക് കൈമാറി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.