കൊച്ചിയില്‍ ലഹരി വേട്ട; തമിഴ്‌നാട് സ്വദേശികളടക്കം നാലുപേര്‍ പിടിയില്‍

കൊച്ചിയില്‍ ലഹരി വേട്ട;  തമിഴ്‌നാട് സ്വദേശികളടക്കം നാലുപേര്‍ പിടിയില്‍

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം എസ്ആര്‍എം റോഡിലുള്ള ലോഡ്ജില്‍ നിന്നും തമിഴ്‌നാട്ടുകാരായ രണ്ട് യുവാക്കളടക്കം നാലുപേര്‍ എംഡിഎംഎയുമായി പിടിയില്‍. ഇവരില്‍ നിന്ന് 57.72 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തിരുവനന്തപുരം, ബാലരാമപുരം സ്വദേശി യാസിന്‍ (22), ഇടുക്കി പീരുമേട് സ്വദേശി പ്രഭാത് (22), തമിഴ്‌നാട് ചെന്നൈ സ്വദേശി പി. രാംകുമാര്‍(24), ദിണ്ഡിഗല്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (19), എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ എറണാകുളം, ഇടുക്കി, ജില്ലകളില്‍ വിതരണം ചെയ്യുന്ന മുഖ്യ കണ്ണികളില്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍.

ബാലരാമപുരം, പീരുമേട്, ദിണ്ഡിഗല്‍, എന്നിവിടങ്ങളില്‍ ബൈക്ക് മോഷണത്തിന് യാസിന്റെ പേരില്‍ കേസ് നിലവിലുണ്ട്. പ്രഭാതിന് കട്ടപ്പനയില്‍ മൊബൈല്‍ മോഷണത്തിന് രണ്ട് കേസും, അടിമാലി, പാല, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്. ദിണ്ഡിഗലില്‍ യാസിനും പ്രഭാതും ചേര്‍ന്ന് നടത്തിയ സ്‌നാച്ചിങ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.