റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന പറക്കലിനിടെ എഫ് 15 എസ് എ ഫൈറ്റർ ജെറ്റ് തകർന്നുവീണ് ജീവനക്കാരന്‍ മരിച്ചു. പ്രതിരോധ മന്ത്രാലയ പ്രസ്താവനയെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളത്.
സൗദി എയർഫോഴ്സിന്‍റെ എഫ് ടൈപ്പ് വിമാനം ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.28 ഓടെയാണ് തകർന്ന് വീണതെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർബേസ് പരിശീലന മേഖലയിലായിരുന്നു പരിശീലന ദൗത്യം.
ജെറ്റില്‍ മൊത്തം എത്ര ജീവനക്കാരുണ്ടായിരുന്നുവെന്നുളളതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അപകടത്തെ കുറിച്ചുളള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മരിച്ച ജീവനക്കാരന്‍റെ കുടുംബത്തെ ബ്രിഗേഡിയർ ജനറൽ അൽ-മാലികി അനുശോചനം അറിയിച്ചു.