പാലാ: സാങ്കേതിക വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും തേടിയുള്ള യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കുവാന്‍ കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങളും ഘടനാവ്യവസ്ഥിതികളും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോ മലബാര്‍ സിനഡല്‍ കമ്മിറ്റിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി സം ഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസനയം പൂര്‍ണമായും നടപ്പിലാകുന്നതോടെ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ ക്രമത്തിലേക്ക് ഭാരതത്തിന് എത്തിച്ചേരാനാകുമെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഒരു വ്യക്തിയെ ജീവിക്കുവാന്‍ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനമെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
എന്നാല്‍, ഭാരതീയ സംസ്‌കാരം ഉള്‍ക്കൊണ്ടാവണം വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടതെന്നാണ് നിലപാടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. പാലാ രൂപത ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കോളജ് മാനേജരും മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍, പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറിയും സീറോ മലബാര്‍ സിനഡല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, ഡോ. അലോഷ്യസ് എഡ്വേര്‍ഡ്, പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, ഡോ. ഡേവിസ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.