മൈക്കിനും ആംപ്ലിഫയറിനും ഇനി പേടിക്കേണ്ട! പൊലീസ് കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

മൈക്കിനും ആംപ്ലിഫയറിനും ഇനി പേടിക്കേണ്ട! പൊലീസ് കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പൊലീസ് അവസാനിപ്പിച്ചു. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. ഹൗളിങ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദമായ സംഭവത്തില്‍ കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി പൊലീസ് തല ഊരുകയായിരുന്നു.

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സെക്കന്റുകള്‍ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിങ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്‌ഐആര്‍. പൊലീസ് സ്വമേധയാ എടുത്ത കേസില്‍ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്വി സൗണ്ട്‌സ് ഉടമ രജ്ഞിത്തില്‍ നിന്നും മൈക്കും ആംപ്‌ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മൈക്ക് ഒന്നാം പ്രതി കേബിള്‍ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമര്‍ശനവും ഉയര്‍ന്നതോടെ നാണക്കേടില്‍ നിന്നും തലയൂരാന്‍ മുഖ്യമന്ത്രി തന്നെ കേസില്‍ ഇടപെട്ടു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ച് നല്‍കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.