കണ്ണൂര്‍: സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന വ്യാമോഹം വേണ്ടെന്നും ജയരാജന്‍ പറഞ്ഞു. യുവമോര്‍ച്ച നേതാവ് കെ. ഗണേഷിനുള്ള മറുപടിയായാണ് പി. ജയരാജന്റെ പ്രസ്താവന.
സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയായാണ് ജയരാജന്റെ പ്രസ്താവന.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു ഗണേഷ് പറഞ്ഞത്. കോളജ് അധ്യാപകന്‍ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ. ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു.