കണ്ണൂര്‍: യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ പ്രസംഗം വിവാദമായി. സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ പ്രസംഗത്തിനെതിരായാണ് പി.ജയരാജന്റെ മറുപടി പ്രസംഗം. ഷംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ തല മോര്‍ച്ചറിയിലിരിക്കുമെന്നാണ് ജയരാജന്‍ പ്രസംഗിച്ചത്.
ഭരണഘടന പദവിയിലിരിക്കുന്നയാള്‍ ഉത്തരവാദിത്തം നിറവേറ്റിയാല്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടില്‍ നടപ്പില്ല. ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും പി. ജയരാജന്‍ പറഞ്ഞു.
സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന പി ജയരാജന്‍. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.
ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപിച്ച് എ.എന്‍. ഷംസീറിന്റെ ഓഫീസിന് നേരെ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ. ഗണേശന്റെ ഭീഷണി പ്രസംഗം.
ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുത്. ഭരണഘടനാ പദവിയിലിരിക്കുന്ന സിപിഎം നേതാവായി അദ്ദേഹം അധപ്പതിച്ചു എന്നായിരുന്നു ഗണേശിന്റെ പരാമര്‍ശം.
പി.ജയരാജന്റെ പ്രസംഗത്തിനെതിരെ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.