ഷെയ്ഖ് സയീദിന്‍റെ സംസ്കാരചടങ്ങുകള്‍ നടന്നു

ഷെയ്ഖ് സയീദിന്‍റെ സംസ്കാരചടങ്ങുകള്‍ നടന്നു

അബുദാബി: യുഎഇ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സംസ്കാരചടങ്ങുകള്‍ അബുദാബി അല്‍ ബത്തീന്‍ സെമിത്തേരിയില്‍ നടന്നു. സംസ്കാരചടങ്ങുകള്‍ക്ക് മുന്നോടിയായി അബുദാബി അല്‍ ബത്തീന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മോസ്കില്‍ നടന്ന പ്രാർത്ഥനയ്ക്ക് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേതൃത്വം നല്‍കി.

സഹോദരൻ സയീദ് ബിൻ സായിദിന്‍റെ വിയോഗത്തോടെ, തന്‍റെ രാജ്യത്തിനും ജനങ്ങൾക്കുമായി ജീവിതം സമർപ്പിച്ച വിശ്വസ്തനായ ഒരു മകനെയാണ് യുഎഇക്ക് നഷ്ടമായതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു. ദൈവം അദ്ദേഹത്തിന് നിത്യ വിശ്രമം നൽകട്ടെ. ഈ ദുഃഖസമയത്ത് ക്ഷമയും ആശ്വാസവും ലഭിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഷെയ്ഖ് സയീദിന്‍റെ നിര്യാണത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും ഷെയ്ഖ് സയീദിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായും യുഎഇ പ്രസിഡന്‍റിനെ അനുശോചനം അറിയിച്ചു.

ഈജിപ്ത് പ്രസിഡന്‍റ് അബ്ദുളള ഫത്ത അല്‍ സീസിയും ബഹ്റിന്‍ കിരീടാവകാശിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും യുഎഇ പ്രസിഡന്‍റിനെ അനുശോചനം അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.