തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഏർപ്പെടുത്താൻ മൂന്ന് മാസത്തെ സാവകാശം തേടി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങിന് കത്തയച്ചു. കേന്ദ്രം നിർദേശിച്ചത് പോലെ സ്വകാര്യ ഏജൻസി വഴി ഇത് നടപ്പാക്കിയാൽ ജനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതിനാൽ ബദൽ മാർഗം തേടുന്നതിനാണ് സാവകാശം ചോദിച്ചത്.
ടോടെക്സ് മാതൃകയിൽ ഇത് നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രിയും വൈദ്യുതി വകുപ്പിനോട് നിർദേശിച്ചിരുന്നു. ജൂൺ 30 നായിരുന്നു കരാർ നൽകാനുള്ള അവസാന തീയതി.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് മുതൽ ബിൽത്തുക ഈടാക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സ്വകാര്യ ഏജൻസിവഴി നടപ്പാക്കണമെന്നാണ് കേന്ദ്ര നിർദേശം. ജീവനക്കാരുടെ സംഘടനകൾ ഇത് എതിർത്തു.
കെ.എസ്.ഇ.ബി ടെൻഡർ വിളിച്ചെങ്കിലും ഉദേശിച്ചതിനെക്കാൾ 50 ശതമാനത്തിലധികമാണ് ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഒരു മീറ്ററിന് 9300 രൂപ വരും. ഇതിൽ 15 ശതമാനം കേന്ദ്ര സബ്സിഡി കഴിഞ്ഞ് ബാക്കി തുക ഉപയോക്താവാണ് മാസ തവണകളായി സ്വകാര്യ ഏജൻസിക്ക് നൽകേണ്ടത്.
മാസം തോറും സർച്ചാർജ് ഉള്ളതിനാൽ ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ അധിക സാമ്പത്തിക ബാധ്യതയുണ്ട്. കേരളത്തിൽ കെ-ഫോൺ ഉൾപ്പെടെയുള്ളതിന്റെ സാധ്യത കൂടി പ്രയോജനപ്പെടുത്തി നടപ്പാക്കാനാകുമോ എന്ന് സംസ്ഥാനം പരിശോധിക്കുന്നുണ്ട്. അതിനാൽ മൂന്ന് മാസം ഇളവ് നൽകണമെന്നും ഇപ്പോൾ വിളിച്ച ടെൻഡർ പ്രകാരം പദ്ധതി നടപ്പാക്കാനാവില്ലെന്നും കേന്ദ്രത്തെ അറിയിച്ചു.