തിരുവനന്തപുരം: കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അനധികൃതമായി ഇടപെട്ടതായി വിവരാവകാശ രേഖ.
സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനായി യു.ജി.സി റെഗുലേഷന്‍ പ്രകാരം രൂപീകരിച്ച പി.എസ്.സി അംഗം ഉള്‍പ്പെടെയുള്ള സെലക്ഷന്‍ കമ്മിറ്റി 43 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു.
ഇത് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശയും ചെയ്തു. ഈ പട്ടികയിലാണ് തിരുത്തല്‍ വരുത്താന്‍ മന്ത്രി ഇടപെട്ടത്.
ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലാണ് 43 പേരുടെ പട്ടികയില്‍നിന്ന് നിയമനം നടത്താതെ അപ്പീല്‍ കമ്മിറ്റി രൂപവല്‍കരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകളില്‍ വ്യക്തമാകുന്നത്.
ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നല്‍കുന്നതിനുപകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12 ന് മന്ത്രി ബിന്ദു ഫയലില്‍ കുറിപ്പെഴുതിയതായാണ് രേഖ. സെലക്ഷന്‍ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണ ഫയല്‍ ഹാജരാക്കാനും മന്ത്രി നിര്‍ദേശിച്ചു.
അയോഗ്യരായി കണ്ട ചിലരെ ഉള്‍പ്പെടുത്താനായിരുന്നു ഈ നടപടിയെന്ന് പിന്നീട് തയ്യാറാക്കിയ പട്ടികയിലെ എണ്ണം ചൂണ്ടിക്കാട്ടി ആരോപണം ഉയരുന്നുണ്ട്. യു.ജി.സി റെഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കുന്ന അന്തിമപട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജനുവരി 11 ന് അന്തിമപട്ടിക കരടുപട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെക്കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയ്യാറാക്കിയത്. 76 പേരുടെ പട്ടിക തയ്യാറാക്കി നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിട്ടുണ്ട്.