തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം റദ്ദ് ചെയ്ത ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ മുഴുവൻ സീറ്റിലും വിദ്യാർഥി പ്രവേശനവുമായി സർക്കാർ മുന്നോട്ട്.
ആരോഗ്യ സർവകലാശാലയുടെ താൽക്കാലിക അഫിലിയേഷന് നിർദേശം നൽകിയാണ് സർക്കാർ പ്രതിസന്ധി മറികടന്നത്. ഇതോടെ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ റൗണ്ടിൽ ഓപ്ഷൻ നൽകാനുള്ള കോളജുകളുടെ പട്ടികയിൽ ആലപ്പുഴയെയും ഉൾപ്പെടുത്തി.
നാഷണൽ മെഡിക്കൽ കമീഷൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ നികത്തിയതായി കാണിച്ച് സമർപ്പിച്ച അപ്പീലിന്മേൽ കമീഷൻ വീണ്ടും കോളജിൽ പരിശോധന നടത്തിയിരുന്നു. കമീഷന്റെ തീരുമാനം വരാനിരിക്കെയാണ് ആരോഗ്യ സർവകലാശാല കോളജിന് താൽക്കാലിക അഫിലിയേഷൻ നൽകിയത്.
കോളജിൽ ആകെയുള്ള 175 ൽ അഖിലേന്ത്യാ ക്വാട്ടയിൽ വരുന്ന 26 സീറ്റ് ഒഴികെയുള്ള 149 സീറ്റിലേക്കാണ് പ്രവേശന നടപടികൾ നടക്കുന്നത്. ആലപ്പുഴക്ക് പുറമെ മെഡിക്കൽ കമീഷൻ ന്യൂനത ചൂണ്ടിക്കാട്ടിയ പാലക്കാട് ഗവ. മെഡിക്കൽ കോളജിനെയും താൽക്കാലിക അഫിലിയേഷനിൽ പ്രവേശനത്തിനുള്ള ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.