കൊച്ചി: ഐഎസ് ഭീകരവാദ കേസില്‍ കൂടുതല്‍ മലയാളികള്‍ എന്‍ഐ എ നിരീക്ഷണത്തില്‍. മുപ്പതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ ഐഎസിന്റെ കേരള മൊഡ്യൂളായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ടെത്തല്‍. ഒന്നാം പ്രതി ആഷിഫിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ മലയാളികളെ കുറിച്ച് എന്‍ഐഎക്ക് വിവരം ലഭിച്ചത്. കേസിലെ രണ്ടാം പ്രതി നബീലിനായി അന്വേഷണ സംഘം തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും തിരിച്ചില്‍ തുടരുകയാണ്.
രണ്ടാം പ്രതി നബീലും അറസ്റ്റിലായ ആഷിഫും തമ്മില്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട്മെന്റ് നടത്തിയത് നബീലായിരുന്നു. മതഭീകരവാദ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളിന്റെ ഭാഗമാക്കി മാറ്റുക എന്നതായിരുന്നു നബിലിന്റെ ചുമതല. ഇതിനാവശ്യമായി പണം കണ്ടെത്തിയത് ആഷിഫാണ്. അതിനായി ഇയാള്‍ വന്‍ കൊളളകള്‍ അടക്കം ആസൂത്രണം ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇരുവരും ചേര്‍ന്ന് ശ്രീലങ്കന്‍ മോഡല്‍ സ്ഫോടന പരമ്പരകള്‍ കേരളത്തില്‍ നടത്താന്‍ പദ്ധതിയിട്ടതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിനൊപ്പം ആരാധനാലയങ്ങളെയും പ്രമുഖ വ്യക്തികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളാണ് അന്വേഷണ ഏജന്‍സിയുടെ ഇടപെടലിലൂടെ തകര്‍ന്നത്.
കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ആഷിഫിനെ പിടികൂടിയത്. തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടില്‍ നിന്നാണ് ഇയാളെ സംഘം അറസ്റ്റ് ചെയ്തത്. കേരളത്തിന് സമാനമായി തമിഴ്നാട്ടിലും ഭീകരര്‍ക്ക് പ്രദേശിക സഹായം ലഭിച്ചുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.